16 Apr 2012

സെലിബ്രിറ്റി


                
                      ഓര്‍മ്മകള്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുകയാണ്. തട്ടി മറിഞ്ഞു പോയ മഷിക്കുപ്പി പോലെ കാലം പരന്നൊഴുകുന്നു പിന്നില്‍.  ഒന്നിനും പിടി കൊടുക്കാതെ ഇങ്ങനെ കിടക്കാനൊരു സുഖമുണ്ട്. പുതപ്പിച്ചിരിക്കുന്ന ഈ വെള്ളത്തുണിയുടെ ഊടും പാവും പോലും വേലികള്‍ തീര്‍ക്കുന്നില്ല. നെയ്ത്തിനിടയിലെ ദ്വാരങ്ങള്‍ പോലും വേണ്ട ഊര്‍ന്നൊഴുകിയിറങ്ങാന്‍. ഒറ്റ നിമിഷം കൊണ്ടാണ് പൊട്ടിത്തെറിച്ചത് ഒരായുസ്സിന്‍റെ ബന്ധനങ്ങള്‍! അയാള്‍ക്ക്‌ ഉറക്കെ ചിരിക്കാന്‍ തോന്നി!
    അടങ്ങിക്കിടന്നു മടുത്തു. അയാള്‍ പയ്യെ എണീറ്റു.ഭാരമില്ല. ചുറ്റിനും വായുവിന്‍റെ ചലനങ്ങള്‍. താന്‍ ഓളം വെട്ടുന്നു.... കാറ്റ് പോലെ..കടലു പോലെ...അവാച്ച്യമായതെന്തോ എങ്ങും നിറയുന്ന പോലെ...! ഒരു കുട്ടിയുടെ കൌതുകത്തോടെ അയാളൊന്നു കരണം മറിഞ്ഞു നോക്കി. നടുവുളുക്കിയില്ല, പേശി വലിവില്ല..പിന്നെയും പിന്നെയും കാറ്റലകള്‍ മാത്രം...
    എന്നായിരുന്നു അവസാനമായ്‌ കരണം മറിഞ്ഞത്?! ഓര്‍മ്മകള്‍ തെന്നി തെന്നി പോകുന്നു, ആണൊരുത്തന്‍ ആദ്യമായ്‌ തൊടാന്‍ ചെല്ലുന്ന പെണ്ണിനെ പോലെ..! ബാല്യം, കൌമാരം...ഏതോ ലോകം, ഏതോ കാലം.. എന്നായിരുന്നു അതൊക്കെ? ഒക്കെയും മറ്റേതോ ജന്മത്തിലെന്ന പോലെ! പടി കടന്നിറങ്ങിപ്പോരുമ്പോഴൊക്കെ വാതിലുകള്‍ താന്‍ ചേര്‍ത്തടച്ചിരുന്നു. ഒന്നും പിന്നീട് തുറന്ന് അകത്തേക്കു നോക്കിയിട്ടില്ല. മാങ്ങാച്ചുന മണക്കുന്ന അപ്പൂപ്പന്‍താടിക്കാലങ്ങള്‍, കുളിച്ചിറങ്ങി വരുന്ന അമ്മയുടെ മുടിത്തുമ്പില്‍ നിന്നൂര്‍ന്നു തെറിക്കുന്ന തുള്ളിമണികള്‍, പുസ്തകക്കെട്ടു നെഞ്ചോടു ചേര്‍ത്ത് രാവിലെ കലപില കൂടി പോകുന്ന കൂട്ടത്തില്‍ നിന്ന് നീളുന്ന രണ്ടു കരിമിഴിക്കോണ്‍ കടാക്ഷങ്ങള്‍, മിടിപ്പുകള്‍ പെറുക്കിയടുക്കിയ കത്തുകള്‍, വേലിക്കരികില്‍ നിന്ന് അവ കൈമാറിയപ്പോള്‍ അറിയാതെ വീണു കിട്ടിയ അവളുടെ വിരല്‍സ്പര്‍ശനം, അന്നേരം ഉച്ചത്തില്‍ മിടിച്ച ഹൃദയത്തിന്‍റെ താളം, പിന്നെ വൈകി വൈകി കണ്ണുനീരവളുടെ കവിളില്‍ തീര്‍ത്ത കരിമഷിച്ചാലുകള്‍...എല്ലാം ആ വാതിലിനു പുറകിലായിരുന്നു. നഷ്ടബോധം തോന്നിയിട്ടില്ല ഇത് വരെ. ജനസാഗരമാണ് മുന്നില്‍. നെഞ്ചത്തടിച്ചു കരയുന്ന സ്ത്രീജനങ്ങള്‍, നിശ്ശബ്ദം വന്നു കാല്‍ തൊട്ടു വന്ദിച്ചു മടങ്ങുന്ന അണികള്‍, അവസാനമായ്‌ ഒന്ന് കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന അനുയായികള്‍...ഒരു നാട് മുഴുവന്‍ തന്‍റെ വിയോഗത്തില്‍ വിങ്ങി പൊട്ടുകയാണ്. പിന്നെന്തിന് നഷ്ടബോധം?! ഭാരമിത്തിരിയേറെയുള്ള അഭിമാന ത്തുടിപ്പുകള്‍ താങ്ങി കാറ്റലകളുടെ കൈകള്‍ വേദനിച്ചു.
    ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ല. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കടന്നു ചെല്ലുമ്പോള്‍ ഉയരുന്ന മുദ്രാവാക്യങ്ങളും ഒരു വാക്കു പറഞ്ഞാലുയരുന്ന കരഘോഷാരവങ്ങളും കാതിലിപ്പോഴും ഇരമ്പുന്നു. പണം, കൊതിയായിരുന്നു. അധികാരം ലഹരിയും.
    ആദ്യത്തെ പകപ്പ് മാറിയതോടെ ഓര്‍മ്മകള്‍ കരവലയത്തിലൊതുങ്ങിത്തുടങ്ങിയിരിക്കുന്നു. അയാളൊന്നു പുഞ്ചിരിച്ചു. ഇങ്ങനെ തന്നെയായിരുന്നു അവളും-അഗ്നിസാക്ഷിയായ്‌ താന്‍ കൂട്ടിക്കൊണ്ടു വന്ന പെണ്ണ്. പിന്നെയെപ്പോഴായിരുന്നു അവള്‍ പോയത്? ആവോ...തിരക്കായിരുന്നു അപ്പോഴൊക്കെ. ചിത കത്തി തീര്‍ന്ന് അതില്‍ നിന്നോര്‍മ്മകളെടുത്തു ചെപ്പില്‍ വെക്കാനുള്ള നേരമൊന്നും അന്നുണ്ടായിരുന്നില്ല. “മരിച്ചവര്‍ക്കങ്ങു പോകാം, ജീവിക്കുന്നവര്‍ക്ക് ജോലികള്‍ ബാക്കിയാണ്” അന്നാരോടോ പറഞ്ഞതോര്‍ക്കുന്നു. കത്തി തീരാനാ ചിതയെ തനിച്ചു വിട്ടിട്ട് കരഘോഷങ്ങള്‍ക്കിടയിലേക്ക് അന്നും അയാള്‍ മുങ്ങിത്താണു. ഈ തവണ അഞ്ചു കൊല്ലം തികച്ചിരിക്കാന്‍ പറ്റിയില്ല എന്നതു മാത്രമാണ് ഒരേയൊരു വിഷമം. രണ്ടര കൊല്ലം ഇനിയും ബാക്കി നില്‍ക്കെയാണ് നെഞ്ചിലെ ചെറിയൊരു വേദനയ്ക്ക് പുറകെ ഇങ്ങു പോരേണ്ടി വന്നത്.
    കാതുകളില്‍ നിന്ന് കാതുകളിലേക്ക് താണ്ടുന്ന അടക്കിപ്പിടിച്ച സ്വരങ്ങള്‍, എല്ലാ മരണവീടുകള്‍ക്കും അവയുടേതായ സ്വത്വം നല്‍ക്കുന്ന ശബ്ദങ്ങള്‍... “എടുക്കണ്ടേ?” ഓ..അപ്പോള്‍ സമയമായ്‌..
    ദൂരെ നിന്നൊരു വലിയ വെളിച്ചം വിളിക്കുന്നു. ഒന്നു തിരിഞ്ഞു നോക്കിയ ശേഷം അയാളതിനു നേരെ നടന്നു. നിമിഷങ്ങള്‍ക്കുള്ളിലയാള്‍ തിരിച്ചറിഞ്ഞു, അതൊരു വിളിയല്ല, കാന്തത്തില്‍ നിന്നെന്ന പോലെ ശക്തമായ, അതിജീവിക്കാനാവാത്ത, ഒരാകര്‍ഷണമാണ്! മുന്നില്‍ കറങ്ങി മറിയുന്ന ചുഴി! നൊടിയിടയില്‍ അയാളൊന്നു ചുരുങ്ങി. പിന്നെ ചീളുകളായ് പൊട്ടിച്ചിതറി! കണ്ണാടി പോലെയോരോ ചീളില്‍ നിന്നും പതിന്മടങ്ങായ് വെളിച്ചം പ്രതിഫലിക്കുന്നു! അതിന്‍റെ ചൂടില്‍, ആര്‍ദ്രമായതെന്തൊക്കെയോ നീരാവിയായ്‌ വറ്റിയകലുന്നു. ചീളുകള്‍ ഉരുകിയൊലിച്ചു പിന്നെയുമൊന്നാവുന്നു. ഒരു മെഴുക് പ്രതിമക്കുള്ളില്‍ ഓര്‍മ്മകള്‍ കലങ്ങിമറിഞ്ഞലറുന്നു. അയാള്‍ കണ്ണുകള്‍ മുറുക്കിയടച്ചു!
    ഇപ്പോളെല്ലാം ശാന്തം. ചുഴിയില്ല, അഞ്ചുന്ന വെളിച്ചമില്ല, ഇരമ്പലുകളില്ല. ഓര്‍മ്മകള്‍ സ്വസ്ഥമായ് ഒഴുകുന്നു. ഈറനായതെന്തോ മുഖത്തു വന്നിടക്കിടെ അടിക്കുന്നു, തൂവാനങ്ങള്‍ പോലെ..! അടച്ച കണ്ണുകളുടെ ഇരുട്ടില്‍, മുടിത്തുമ്പില്‍ ഇറ്റുന്ന മണികള്‍, കരിമഷിച്ചാലുകള്‍, കത്തിത്തീര്‍ന്ന ചിതയില്‍ പിന്നെയും തുടിക്കുന്ന ഓര്‍മ്മത്തുട്ടുകള്‍...! 
    അയാള്‍ പതിയെ കണ്ണ് തുറന്നു. അലസമായ്‌ മുന്നിലൊഴുകുന്ന പുഴ! അവളാണിടയ്ക്ക് ചിന്നിച്ചിണുങ്ങി തന്‍റെ കവിളത്തേക്കും കണ്‍പോളകളിലെക്കും തെറിക്കുന്നത്! ചുണ്ടിന്‍റെ കോണാലവളെ നോക്കി ചിരിച്ച് കുസൃതിയോടെ അയാള്‍ പറഞ്ഞു “വശ്യം!” പുഴയൊന്നു നിന്നു. എന്നിട്ടയാളെ നോക്കി കൊഞ്ചി പറഞ്ഞു “കണ്ണുനീര്‍ത്തുള്ളികള്‍ താ..” ലോകം മായം, അശരീരികള്‍ അവിശ്വസനീയം! അയാള്‍ തരിച്ചു നില്‍ക്കുന്നതിനിടയില്‍ അവള്‍ തുടര്‍ന്നു “അക്കരെയാണ് ആത്മാക്കളുടെ തീരം. അങ്ങോട്ടു നിന്നെ കൊണ്ട് പോകലാണെന്‍റെ ധര്‍മ്മം. പക്ഷെ നീ കൂടെ കൊണ്ടു വന്നിട്ടുള്ള, നിനക്കായ്‌ നിന്‍റെ വിയോഗനേരത്ത് പ്രിയപ്പെട്ടവര്‍ ഒഴുക്കിയ കണ്ണുനീര്‍തുള്ളികള്‍, പകരം നീയെനിക്ക് തരണം!”
“പക്ഷെ...പക്ഷെ എന്‍റെ കൈയില്‍ അവയില്ലെങ്കിലോ?” അയാള്‍ ചോദിച്ചു. അതിനുത്തരം പറയാതെ പുഴ ചിരിച്ചു കുത്തിയൊഴുകി! ഉന്മാദിനി! ഉത്തരത്തിനായ്‌ ചുറ്റുമൊന്നു കണ്ണോടിച്ച അയാള്‍ ഞെട്ടി. കണ്ണുകളുടെ സ്ഥാനത്ത് കനലുകളുമായ് ഒഴുകി നടക്കുന്ന, ആത്മാവില്ലാത്ത ധൂളീരൂപങ്ങള്‍, ആയിരക്കണക്കിന്! ഓര്‍മ്മകളില്ലാതെ, ഓജസ്സില്ലാതെ, ചത്ത മണവുമായെത്തുന്ന വരണ്ട കാറ്റിനൊപ്പം അവ കറുത്ത നിഴല്‍രൂപങ്ങളായ്‌ അലയുന്നു, ആരെന്നറിയാതെ, എന്തെന്നറിയാതെ, ആശ്വത്ഥാമാവിനെ പോലെ! നിന്നിടത്തു നിന്നയാള്‍ വിറച്ചു! തിരിഞ്ഞോടുന്നതിനിടയില്‍ പുഴയുടെ ചിരി നേര്‍ത്ത് നേര്‍ത്ത് വന്നു.
    ശരീരമിനിയും ചിതയിലെക്കെടുത്തിട്ടില്ല. സ്ത്രീകള്‍ ഇപ്പോഴും അലമുറയിടുന്നുണ്ട്. സമാധാനം! അയാള്‍ കണ്ണുനീര്‍മുത്തുകള്‍ പെറുക്കാന്‍ അവരുടെയിടയിലേക്ക് പറന്നു. ഒരു നിമിഷം അയാളൊന്നു ഞെട്ടി. ഇല്ല! എവിടെയുമില്ല! പിന്നെയും പിന്നെയും അയാളോരോ കണ്ണിലും മാറി മാറി തിരഞ്ഞു! ഇല്ല, ഒന്നിലും ഒരിറ്റു കണ്ണുനീരില്ല! അപ്പോളീ നേരം കണ്ടതത്രയും?! അല്‍പനേരത്തേക്ക്‌ അയാളൊന്നു തരിച്ചു നിന്നു. അകലെ നിന്ന് കൊലുസിട്ട പോലൊരു ചിരി ഉയരുന്നത് പോലെ..! ഇല്ല, മുന്നില്‍ ജനസാഗരമാണ്. ഒരിറ്റ് കണ്ണുനീരൊപ്പിക്കാനോ പ്രയാസം?! തിക്കിത്തിരക്കുന്ന കൂട്ടത്തിലെക്കയാള്‍ കൂപ്പു കുത്തി. ഓരോ മുഖത്തിന്‌ മുന്നിലും ഊളിയിട്ടു പൊങ്ങി!
എവിടെ നിന്നൊക്കെയോ അടക്കി പിടിച്ച സംസാരങ്ങള്‍.
“ഇനിയിപ്പോ കാര്യങ്ങളെങ്ങനെയാ?”
“ഓ..അതയാളുടെ മകന് തന്നെ”
“ആ കിളുന്തു പയ്യനോ? അവനിങ്ങോട്ടു കാല്‍ വച്ചതല്ലേ ഉള്ളൂ? എട്ടും പൊട്ടും അറിയാത്തവന് എടുത്തു കൊടുക്കാന്‍ പറ്റുന്ന പണിയാണോ ഇത്?”
“താനെന്താ ഈ പറയുന്നത്? ആകെ രണ്ടു വകുപ്പാ കിട്ടിയിരിക്കുന്നത് കൈയിട്ടു വാരാന്‍! ഇയാള് ചത്തെന്നു കരുതി അത് വേറെ വല്ലവനും കൊടുക്കാനോക്കുമോ? ഉപതിരഞ്ഞെടുപ്പിനു മുന്‍പ് ഉയര്‍ത്തിക്കാണിക്കാന്‍ ഈ പയ്യന്‍ തന്നെയാ നല്ലത്. അവനത്ര മോശക്കാരനൊന്നുമല്ലെന്നു തനിക്കറിയാവുന്നതല്ലേ? ഇനി ആണേല്‍ തന്നെ സഹതാപതരംഗത്തില്‍ പിടിച്ചങ്ങു കേറിക്കോളും!”
“ഹാ, ഒരു കണക്കിന് ശരിയാ. ഒന്നു ജയിച്ചു കിട്ടിയാല്‍ ആരെ കൊന്നിട്ടായാലും അവന്‍ നിന്നോളും. അപ്പന്‍റെയല്ലേ വിത്ത്‌!”
അയാള്‍ ആ മുഖങ്ങളിലേക്ക് തുറിച്ചു നോക്കി. ഇടത്തും വലത്തും എന്നും തോള്‍ ചേര്‍ന്ന് നിന്നവര്‍, കരഘോഷങ്ങള്‍ക്കു മുന്നില്‍ നിന്ന് എന്നും കൈയ്യടിച്ചവര്‍, മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍! കെട്ടിപ്പൊക്കിയതൊക്കെയും ഒരറ്റം തൊട്ടു തകരുന്നത് പോലെ..പതിഞ്ഞുയരുന്ന ഓരോ വാക്കും നെഞ്ചിലമരുന്ന തീക്കനല്‍ പോലെ..
    തോറ്റു കൊടുക്കാന്‍ ശീലങ്ങള്‍ സമ്മതിക്കുന്നില്ല. അയാള്‍ പിന്നെയും പരതിക്കൊണ്ടിരുന്നു. ജീവിതത്തിലെന്തും വില കൊടുത്തു വാങ്ങിയവനു മരണത്തില്‍ ഒരിറ്റു കണ്ണീരിനു ക്ഷാമമോ? ഉഴറി നടക്കുന്നതിനിടയില്‍ എവിടെ നിന്നൊക്കെയോ ഉയരുന്ന ചിരിയൊലികള്‍. താന്‍ നിര്‍മ്മിച്ച എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്. മതില്ക്കെട്ടിനകത്തേക്ക് കടന്നപ്പോള്‍ അവര്‍ ശബ്ദം കുറച്ചു. “ബാക്കിയുള്ള സകലവന്മാര്‍ക്കും ഇന്ന് സുഖമായ്‌ ക്രിക്കറ്റും കണ്ടു കുത്തിയിരിക്കാം. ഏതു നേരത്താണോ ഇയാടെ തന്നെ കോളേജില്‍ വന്നു ചേരാന്‍ തോന്നിയത്” 
മരണം പകച്ചു നിന്നു. ഒതുക്കിയ ചിരികള്‍ എവിടെല്ലാമോ തട്ടി താഴെ വീഴുന്നു. വിളിച്ചും ചിരിച്ചും പുഴ പിന്നെയും...
    ചിതയൊരുങ്ങി, ശരീരമെടുത്തു,അഗ്നിനാളങ്ങള്‍ ആ മേനി നക്കിത്തുടച്ചു. ഉയര്‍ന്നു തീരുന്ന പുകയ്ക്കു പിന്നില്‍ നിര്‍വികാരനായ്‌ ചിതയിലേക്ക് കണ്ണും നട്ട് ഒരു ചെറുപ്പക്കാരന്‍-മകന്‍!!
    പ്രതീക്ഷകള്‍, അവ ഈയാംപാറ്റകളെ പോലെയാണ്. ഒരു മഴ മതി ഞുളച്ചു പൊന്താന്‍. ഒരു തുണ്ട് വെളിച്ചം മതി ലക്‌ഷ്യം വച്ച് പറക്കാന്‍!
"എന്നില്‍ നിന്നുയിര്‍ പൂണ്ട കണ്ണുകള്‍, എനിക്ക് വേണ്ടി ഒരു തുള്ളി കണ്ണീര്‍ അവിടെ പൊടിയാതിരിക്കുമോ?!" പ്രതീക്ഷയോടെ അയാള്‍ പാളി നോക്കി.
    അവന്‍റെ കണ്ണുകള്‍ താണിരിക്കുന്നു. കാണാനാവുന്നില്ല. ഇവന്‍....ഇവനിപ്പോ എത്ര വയസ്സായി? ആരുടെ ഛായാണ്? ആദ്യമായ്‌ അയാള്‍ തന്‍റെ മകനെ നിര്‍ന്നിമേഷനായ് നോക്കി നിന്നു. കൊടുക്കാന്‍ കഴിയാതെ പോയ ലാളനകള്‍ ഉള്ളില്‍ തികട്ടി വന്നു. കത്തി തീര്‍ന്നിട്ടില്ലാത്ത ചിതയില്‍ നിന്നെന്തൊക്കെയോ പൊട്ടി തെറിക്കുന്നു. അവന്‍ മുഖമുയര്‍ത്താതെ തന്നെ തിരിഞ്ഞു നടന്നു. ആരോ അവ തോളത്തു കൈ വച്ചു. ഒന്നു നിന്നു കണ്ണുകള്‍ ഉയര്‍ത്തി ആ മുഖത്തേക്ക് നോക്കി അവന്‍ പറഞ്ഞു “മരിച്ചവര്‍ക്ക് അങ്ങ് പോകാം. ജീവിക്കുന്നവര്‍ക്ക് ജോലികള്‍ ബാക്കിയാണ്!” ഒരറ്റത്ത് നിന്നു തകര്‍ന്നു തുടങ്ങിയത് പൂര്‍ണമായ് മണ്ണടിഞ്ഞ നിമിഷം! ഓര്‍മ്മകള്‍ കുത്തിയൊഴുകി പിന്നോട്ട് പാഞ്ഞു “കുഞ്ഞേ...അന്നു നിന്നോടായിരുന്നോ ഞാന്‍....?!” ചുഴികള്‍ തിരിഞ്ഞു കറങ്ങി, കാറ്റ് പിന്നോട്ടു വീശി, പുഴ ചിരിച്ചവശയായി, ചിറകെരിഞ്ഞോരീയാംപാറ്റ താഴെ വീണു പിടഞ്ഞു! ആ നിമിഷം അയാളവന്റെ കണ്ണുകള്‍ കണ്ടു, കണ്ണാടിയിലെന്ന പോലെ... കണ്ണീര്‍ നനവില്ലാതെ അവ വരണ്ടു കിടന്നു. നാളത്തെ പത്രങ്ങളുടെ തലക്കെട്ടുകളിലേക്ക് അവന്‍ നടന്നകലുന്നത് നോക്കി അയാള്‍ നിന്നു, വെറുതേ ഒരല്പ നേരം. പിന്നെ ഒരു തുള്ളി കണ്ണുനീര്‍ സമ്പാദിക്കാനാവാതെ പോയവന്റെ നെടുവീര്‍പ്പുകള്‍ കാറ്റിനു കൊടുത്ത് അയാള്‍ തിരിഞ്ഞു നടന്നു, വിളികളിലേക്ക്, ചിരികളിലേക്ക്, ആശ്വത്ഥാമാക്കളിലേക്ക്...!
                   

11 comments:

  1. അവതരണം വളരെ നന്നായി സുഹൃത്തേ ...ബ്ലോഗിലെ അപൂര്‍വ്വം നല്ല കഥകളില്‍ ഒന്ന് .
    "പിന്നെ ഒരു തുള്ളി കണ്ണുനീര്‍ സമ്പാദിക്കാനാവാതെ പോയവന്റെ നെടുവീര്‍പ്പുകള്‍ കാറ്റിനു കൊടുത്ത് അയാള്‍ തിരിഞ്ഞു നടന്നു, വിളികളിലേക്ക്, ചിരികളിലേക്ക്, ആശ്വത്ഥാമാക്കളിലേക്ക്...!"
    വളരെ ഇഷ്ടായി ..നന്ദി

    ReplyDelete
    Replies
    1. ഈ വഴി വന്നതിനും പറഞ്ഞ അഭിപ്രായത്തിനും ഒരുപാട് നന്ദി :)

      Delete
  2. വായിക്കാന്‍ ബുദ്ധിമുട്ടാണല്ലോ 'നോക്കുകുത്തീ....'ഇനി എന്റെ കുഴപ്പമാണോ എന്നറിയില്ല.എന്തായാലും ഞാന്‍ നന്നേ ബുദ്ധിമുട്ടി.
    നല്ല എഴുത്ത്.ആശംസകള്‍.
    "പയ്യെ എണീറ്റ്‌ "ഇത്തരം കാര്യങ്ങള്‍ എഴുത്തിന്റെ ഭംഗി ചോര്‍ത്തി കളയില്ലേ?
    ഇവിടെ തിരുത്തല്‍ വരുത്തുന്നതല്ലേ നല്ലത്?

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി. തുടര്‍ന്നുള്ളവയില്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം :)

      Delete
  3. njan vayichu....nokukuthiyil ninnum iniyum pratheeskhikunnu...title eniku istapettu.....

    ReplyDelete
    Replies
    1. ഇനിയും എഴുതണമെന്നു തന്നെയാണ് ആഗ്രഹം. thanx a lot :)

      Delete
  4. 'നാളത്തെ പത്രങ്ങളുടെ തലക്കെട്ടുകളിലേക്ക്‌ അവൻ നടന്നകലുന്നത്‌ നോക്കി അയാൾ നിന്നു'...

    നന്നായി. ആശംസകൾ.

    ReplyDelete
  5. ഗതികിട്ടാതെ അലയുന്ന അശ്വത്ഥാമാവിലേക്കുള്ളാ പരേതന്റെ മടക്കം അസ്സലായിരിക്കുണു......ഹഫസ കരീം പറഞ്ഞിട്ടാണു ഞാ൯ ഈ ബ്ലോഗിനെ കുറിച്ച് അറിയുന്നത്....എഴുതണം....എഴുതണം....എഴുതണം....എഴുതണം...

    ReplyDelete
  6. ശില്പ, ഹൃദ്യം...നല്ല ശൈലി , നല്ല എഴുത്ത്

    ReplyDelete