3 Nov 2013

സ്ത്രീ പക്ഷം


സ്വന്തം പ്രസവം ചിത്രീകരിച്ച ശ്വേതയെ ഇരയായി കാണാന്‍ ആവില്ലെന്നാണ് കെ. മുരളീധരന്റെ വിദഗ്ധാഭിപ്രായം. പീതാംബരകുറുപ്പിന്റെ മനസ്സ് വിഷമിപ്പിച്ചാല്‍ ദൈവശാപം കിട്ടുമെന്ന് ലിബര്‍ട്ടി ബഷീര്‍ താക്കീതു കൊടുത്തിട്ടുണ്ട്. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ 16 വയസ്സില്‍ തന്‍റേടം കാണിച്ചവള്‍ക്ക് ഒരു തോണ്ടു കിട്ടിയപ്പോ എന്താ ഇത്ര ഇളകാന്‍ എന്ന് അരിശം കൊള്ളുന്നു പ്രതാപവര്‍മ തമ്പാന്‍. പെണ്ണുങ്ങളായാല്‍ അടങ്ങി വീട്ടില്‍ ഇരിക്കണമെന്ന യുഗതത്വം മറന്നു തുടങ്ങിയ യുവതലമുറയ്ക്ക്‌ അതു ചൂണ്ടിക്കാണിച്ചു ഓര്‍മ്മപ്പെടുത്തി തരാന്‍ ടി.എച്ച്.മുസ്തഫയും രംഗത്തിറങ്ങിയിട്ടുണ്ട്.

പുരുഷമേധാവിത്വത്തിന്റെ പടച്ചട്ടയണിഞ്ഞു പോരിനിറങ്ങി
കഴിഞ്ഞ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാര്‍ക്ക് പിന്തുണയുമായ്‌ അണികള്‍ ലക്ഷങ്ങളാണ്. മറുചേരിയിലും മുറവിളിയും മുദ്രാവാക്യങ്ങളുമായ് മനുഷ്യര്‍ ധാരാളമുണ്ട്. തമ്മിലിടിക്കുന്ന മുട്ടനാടുകളുടെ തല പൊട്ടിയൊഴുകുന്ന ചോരക്യാമറക്കണ്ണ്‍ുകളിലൂടെ വ്യക്തമായ്‌ ഒപ്പിയെടുത്ത് മാധ്യമപ്പട തങ്ങളുടെ ധര്‍മ്മം തികഞ്ഞ കാര്യക്ഷമതയോടെ നിറവേറ്റി വരുന്നു .

രണ്ടായ്‌ തിരിഞ്ഞു പട വെട്ടുന്ന പ്രബുദ്ധ കേരളത്തിന്‍റെ ഏതോ കോണില്‍, അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്നു പീഡിപ്പിച്ചു കൊന്ന, മറവു ചെയ്യാന്‍ കാശില്ലെന്നു പറഞ്ഞു ബന്ധുക്കള്‍ പുറം തിരിഞ്ഞ ഒരു കുഞ്ഞു മൃതദേഹം, പഞ്ചായത്തിന്‍റെ കരുണയില്‍ മറവു ചെയ്യപ്പെട്ട് വിറങ്ങലിച്ചു കിടപ്പുണ്ടെന്ന് കുതികാലുകള്‍ക്കും കുളമ്പടികള്‍ക്കുമടിയില്‍ കിടന്ന് മണ്ണ് ഞരങ്ങുന്നു!


No comments:

Post a Comment