6 Jan 2012

കണ്ണട ചരിതം

കണ്ണടച്ചിരുട്ടാക്കാന്‍ കഴിവുള്ളവരുടെ നാടാണിത്. കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചകളെ കണ്ടില്ലെന്നു നടിക്കാനും നമ്മുക്കറിയാം. ഇരുട്ടില്‍ മുങ്ങിത്തപ്പിയും അത് ചൂണ്ടി കാണിക്കുന്നവര്‍ക്കു നേരെ ഇളിഭ്യച്ചിരിയെറിഞ്ഞും നടക്കുന്ന ഒരു ജനതതിയെ പ്രബുധരാക്കുക, എന്ന ശ്രേഷ്ഠവും 100% സത്യസന്ധവുമായ ലക്ഷ്യത്തോടെയാണ്, ഇവിടുത്തെ മാധ്യമപ്പട വര്‍ത്തിക്കുന്നത് എന്നത് സംശയരഹിതമായ കാര്യമാണ്. അതുകൊണ്ടാണല്ലോ, കേരളത്തിലെ ഏറ്റവും പ്രചാരമുള്ളത് എന്ന് അവകാശപ്പെടുന്ന ഒരു ദിനപ്പത്രം, ഒരു കണ്ണട പോയ കാര്യം ഇത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്!


'ഒരു കണ്ണട പോയതിനോ' എന്ന് ചോദിക്കരുത്. കണ്ണ്, കണ്ണുനീര്‍, കണ്ണിലുണ്ണി, കണ്ണുപൊത്തിക്കളി, കണ്ണട, ഇതെല്ലാം മലയാളി നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്ന വാക്കുകളാണ്. മകം പിറന്ന മലയാളിമങ്കയുടെ മിഴിക്കോണ്‍ കടാക്ഷവും, പൂരം പിറന്ന പുരുഷന്‍റെ കണ്ണേറുകളും പ്രശസ്തിയാര്‍ജിക്കാത്ത ദേശങ്ങളുണ്ടോ?! എന്തിനേറെ? സഹനത്തിന്‍റെ മൂര്‍ത്തീഭാവമായ സ്ത്രീരൂപങ്ങള്‍ അവതരിക്കുന്ന മെഗാ സീരിയലുകളില്‍ നിന്ന് പെയ്തിറങ്ങുന്ന കണ്ണീര്‍മഴയാണല്ലോ  ഇന്നു മലയാളമണ്ണിനെ നനയ്ക്കുന്നത്! അപ്പോള്‍ പിന്നെ മലയാളക്കര വാഴുന്ന മുഖ്യന്‍റെ കണ്ണട പോയാല്‍ അത് വാര്‍ത്തയല്ലേ?!
കാണാത്തതിനെ കണ്ണട വച്ചു നോക്കാം. കണ്ണട തന്നെ പോയാലോ? പടയാളികളും പ്രജകളും ഇറങ്ങി തപ്പുക തന്നെ! ഷര്‍ട്ടിന്‍റെ ബട്ടന്‍സ് പോലും ഇടാന്‍ മറന്നുകൊണ്ടാണ് മുഖ്യന്‍ ഈ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഇറങ്ങിത്തിരിക്കുന്നതത്രേ! അത്രയും സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റിപ്പോരുന്ന ഒരുദ്യമം നിന്നുപോകരുതല്ലോ! ജനസമ്പര്‍ക്കപരിപാടിക്കും കണ്ണട തപ്പി നടക്കുന്നവര്‍ക്കും തങ്ങളാല്‍ കഴിയുന്ന പിന്തുണ, ജനങ്ങള്‍ക്ക്‌ ചൂടാറാത്ത വാര്‍ത്ത‍.-,-മാധ്യമധര്‍മ്മം തങ്ങളാല്‍ കഴിയും വിധം നിറവേറ്റി സ്വന്തമായ്‌ വാര്‍ത്താ-വിനോദ ചാനലുകളുള്ള പത്രം! ഏതായാലും മൈതാനമായ മൈതാനം മുഴുവന്‍ തപ്പിയിട്ടും കണ്ണട കിട്ടിയില്ല. കണ്ണടയില്ലാതെയാണത്രേ ബാക്കി പരാതികള്‍ മുഴുവന്‍ മുഖ്യന്‍ പരിശോധിച്ചത്! മഹാനുഭാവന്‍,!
ഏതായാലും ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് എന്‍റെ വക ഒരു എളിയ അഭിപ്രായം കൂടി. അടുത്ത ദിവസത്തെ പത്രത്തില്‍ "മുഖ്യമന്ത്രിയുടെ കണ്ണട കാണാനില്ല, കണ്ടു കിട്ടുന്നവര്‍ ദയവായി തിരിച്ചു തരിക" എന്നൊരു പരസ്യം ഫോട്ടോസഹിതം കൊടുത്താലോ? "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം" എന്ന് മുഖ്യന്‍റെ വക ഒരഭ്യര്‍ത്ഥന കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ ജോറായി! ജനസമ്പര്‍ക്ക പരിപാടിയുടെ കാര്യമായതു കൊണ്ട് ജനങ്ങള്‍ സഹകരിക്കാതിരിക്കില്ല. കേരളം മുഴുവന്‍ ഊര്‍ജ്ജിതമായി ഈ തിരച്ചില്‍ മഹാമഹത്തില്‍ പങ്കെടുക്കും. ഏതെങ്കിലും ഒരു സന്മനസ്ക്കന്‍ ആ കണ്ണടയുമായി ഒടുവില്‍ തിരിച്ചെത്തുന്നതോടെ മലയാളമക്കളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും വിരാമമാകും!
ഇനി കണ്ണട കിട്ടിയില്ലെങ്കില്‍ ഉറപ്പിച്ചോ, അത് തമിഴ്നാട്ടുകാര്‍ തട്ടിക്കൊണ്ടു പോയതു തന്നെ! മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു വേണ്ടി അണ്ണാച്ചികള്‍ ഇതും ഇതിനപ്പുറവും ചെയ്യും. കാര്യങ്ങള്‍  ആ വഴിക്കാണെങ്കിലും നമുക്ക് വാര്‍ത്തക്കും പ്രസ്താവനകള്‍ക്കും ഉള്ള വകയായല്ലോ, ഏത്?!! ;-)
ഇനി ഇതൊന്നും നടന്നില്ലെങ്കില്‍, ഒരു നോക്കുകുത്തിയുടെ ചട്ടിത്തലയില്‍ തോന്നിയ പൊട്ടബുദ്ധിയെന്നു കരുതി ഒന്ന് കണ്ണടച്ചു കളഞ്ഞാ മതി. കേരളത്തില്‍ കാര്യങ്ങള്‍ എത്രയെളുപ്പം! :)

പിന്‍കുറിപ്പ്‌,: കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ, കണ്ടില്ലെന്നു നടിക്കുന്നത് ഭവാനോ അതോ......?!

13 comments:

  1. oru nalla nokkukutthical satire, well written in a loud tongue(i feel a nokkukuthi can be even more daring, uncaring the popular taste). The tone of a frustration is well wrapped in the humour which explods in the mouth in an eclaire like fashion. A mild influence of some prominent political satirists is felt in the style followed, it happens as the reader has the liberty to be biased. :)

    ReplyDelete
  2. നോക്കുകുത്തിയുടെ അധികപ്രസംഗം അതിഗംഭീരം. മനുഷ്യനെ ഇന്ന് കാര്‍ന്നു തിന്നുന്ന കാര്യമാത്രപ്രസക്തമായ കാര്യം(മാധ്യമം) നിസ്സാരമായി സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു. ഒരു കണ്ണട ഇതിവൃത്തമാക്കി നല്ലൊരു ആക്ഷേപ ഹാസ്യം അവതരിപ്പിച്ചിരിക്കുന്നു. മലയാള മാധ്യമങ്ങളിലെ കരിം കണ്ണന്‍മാരില്‍ രക്ഷക്കായി പ്രാര്തിച്ച്ചോളൂ കുട്ടീ.

    ReplyDelete
  4. കണ്ണുതുറക്കാത്ത ദൈവങ്ങളെ....

    ReplyDelete
  5. വേണ്ടതെല്ലാം ചേരും പടി ചേര്‍ത്തൊരു വിഭവം.അസ്സലായി.

    ReplyDelete
  6. Good attempt. Keept it up dear.

    ReplyDelete
  7. @ all: ഒരു അഭിപ്രായം കുറിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്‍ക്കും ഒരുപാടൊരുപാട് നന്ദി! :)

    ReplyDelete
  8. കണ്ണടച്ചിരുട്ടാക്കി ആ ഇരുട്ടത്ത് ഓട്ട അടയ്ക്കുന്നവരുടെ നാടാണല്ലോ കേരളം...
    നന്നായിട്ടെഴുതി. അഭിനന്ദനങ്ങള്‍....

    ReplyDelete
  9. കണ്ണടകള്‍ വേണം ..................

    ReplyDelete
  10. പ്രിയപ്പെട്ട ശില്പ,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    ആക്ഷേപഹാസ്യം തകര്‍ത്തു! കാണാതെ പോയ കണ്ണട വരുത്തിവെച്ച പ്രതികാരങ്ങള്‍ !അമര്‍ഷവും ദേഷ്യവും സമകാലീന പ്രസക്തിയുള്ള വിഷയം അവഗണിക്കുന്നതിനോടുള്ള സങ്കടവും ഭംഗിയായി അവതരിപ്പിച്ചു!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. ഇതു വഴി കടന്നു പോയതിലും വായിച്ചതിലും സന്തോഷം. പ്രതികരണങ്ങള്‍ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു. ഒരുപാടു നന്ദി.
      സ്നേഹപൂര്‍വ്വം ശില്‍പ

      Delete
  11. വഴിതെറ്റി വന്നതാണ്...വായിച്ചു കഴിഞ്ഞപ്പോള്‍ പിന്തുടരണമെന്ന് തോന്നി...
    പിന്തുടര്‍ന്നോട്ടെ?ഒരു ലൈക് കൂടി തരാം......

    ReplyDelete
    Replies
    1. വഴി തെറ്റി ഇവിടെ തന്നെ എത്തിയതില്‍ സന്തോഷം. ലൈക്‌ ചെയ്തതിലും പിന്തുടരുന്നതിലും അതിലുമേറെ സന്തോഷം :)

      Delete